Saturday, June 30, 2018

കോട്ടിട്ട ജഡ്ജിമാരും ഗോളിയില്ലാത്ത ഗോൾപോസ്റ്റും

ഇന്നലത്തെ ഏഷ്യാനെറ്റിന്റെ അന്തി ചർച്ച യാണ് ഇന്നത്തെ പരാമർശ വിഷയം .ഒരു കോട്ടിട്ട ജഡ്ജി ആങ്കർ വേഷത്തിലും മലങ്കര സഭയോടുള്ള അവജ്ഞ മറച്ചു വച്ചിട്ടില്ലാത്ത സർവജ്ഞ പീഠം കയറി എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കേസില്ലാ വക്കിലും  പുരോഹിതന്മാരോട് സഭാ വ്യത്യാസമില്ലാത്ത ശത്രുതാ മനോഭാവം പുലർത്തുന്ന ഒരു മാധ്യമ പ്രവർത്തകനും പിന്നെ വൈദീകർക്കെതിരെ പരാതി നൽകിയ ഒരു വ്യക്തിയും ചേർന്നപ്പോൾ മലങ്കര സഭയെ തെക്കോട്ടിക്കുവാനുള്ള  തിരക്കഥ പൂർണമായി .സഭയോട് ശത്രുത പുലർത്തുന്ന മൂന്നു പാനലിസ്റ്റുകളും മലങ്കര സഭയെ അവഹേളിക്കുവാൻ മുൻധാരണകളുമായി കോട്ടിട്ട ജഡ്ജിയും ചേർന്നപ്പോൾ കോറം തികഞ്ഞു .സഭയുടെ ഭാഗം വിശദീകരിക്കുവാൻ ഒരു പാനലിസ്റ്റിനെ കണ്ടെത്തുവാൻ ഏഷ്യാനെറ്റിനു കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു നുണയാണ് .
ചർച്ച ഒരു വിശ്വാസി ,അയാളുടെ ഭാര്യ ഓർത്തോഡ്‌സ് സഭയുടെ 5 വൈദീകരുടെ ലൈംഗീക ബന്ധം പുലർത്തിയെന്ന പരാതി ആയിരുന്നെങ്കിലും ചർച്ച സഭ തലവനെയും സ്ഥാനികളെയും അവഹേളിക്കുന്ന നിലയിലേക്ക് എത്തി ചേർന്നു .സഭയുടെ അന്വേഷണം നീതിപൂർവമാകില്ല എന്ന മുൻവിധി എല്ലാ പാനലിസ്റ്റുകൾക്കും ആങ്കറിനും ഉണ്ടായിരുന്നു .എന്തിനേറെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത പോലീസ് അന്വേഷണത്തിന്റെയും കണ്ടെത്തൽ എന്താകുമെന്ന് ത്രികാല ജ്ഞാനികളായ പാനലിസ്റ്റുകൾക്കും ആങ്കറിനും ഉറപ്പായിരുന്നു .
പരാതിക്കാരൻ പറയുന്ന കാര്യങ്ങളെ പൂർണമായി പിന്താങ്ങുകയും മലങ്കര സഭയെ അവഹേളിക്കുന്നതിലും പാനലിസ്റ്റുകളും ആങ്കറും മത്സരിക്കുകയായിരുന്നു ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു വിനുവിന് ആരിൽ നിന്നും എത്ര പണം കിട്ടി?

Friday, June 22, 2018

പൗരോഹിത്യ ശ്രേണികളിലെ മൂല്യച്യുതി

പൗരോഹിത്യ സ്ഥാനികളിലെ ഒരു വിഭാഗ വ്യക്തികളുടെ അധാർമ്മിക നടപടികൾ സമീപ കാലത്തെ സാമൂഹ്യ മാധ്യമ ചർച്ചകൾക്ക് വിധേയമാക്കുന്നുണ്ട് .ഇതിൽ നിന്നും ഏതെങ്കിലും സഭയോ സമുദായമോ വിമുക്തമാണെന്നു ചിന്തിക്കുവാൻ കാരണങ്ങളില്ല .വിവിധ സമുദായങ്ങളിലെ സ്ഥാനികളെപ്പറ്റി ഇത്തരം ആരോപണങ്ങൾ ഉയർന്നു വരാറുണ്ട് ചിലതെല്ലാം അടിസ്ഥാന രഹിതവും മറ്റു ചിലതു ഊതി പെരുപ്പിച്ചവയും ആകാമെങ്കിലും ചിലതെങ്കിലും വ്യക്തത ഉള്ളതാണ്.
യാക്കോബായ വിഭാഗത്തിലെ പൗരോഹിത്യ സ്ഥാനികളിൽ അടിതൊട്ട് മുടിവരെയുള്ള സ്ഥാനികളെപ്പറ്റി സാമാന്യം വ്യക്തതയോടെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് .അതുകൊണ്ടു തന്നെ ഓർത്തഡോൿസ് സഭയിലെ സ്ഥാനികളെപ്പറ്റി അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആയ ആരോപണങ്ങൾ വരുമ്പോൾ സംഘടിതമായി അത് സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷിക്കുവാൻ യാക്കോബായ സഭയിലെ ട്രോളന്മാർ അത്യുസാഹത്തോടെ ചാടി വീഴുക സ്വാഭാവികമാണ് .സ്വന്തം കണ്ണിലെ കോലെടുത്ത ശേഷം സഹോദരന്റെ കണ്ണിലെ കരട് തേടുക എന്ന കർതൃവചനം അവർ അവഗണിക്കുന്നു .
മലങ്കര സഭയെയും അതിലെ സ്ഥാനികളെയും പൊതു സമൂഹം ആദരവോടെയാണ് വീക്ഷിക്കുന്നത് .അതുകൊണ്ടു തന്നെ സഭാ നേതൃത്വം അപഭ്രംശങ്ങളെ ഗൗരവമായി കാണണം .ശക്തമായ ശിക്ഷണ നടപടികളിലൂടെ ഇത്തരം വഴി പിഴച്ചവരെ സമൂഹത്തിനു ബോധ്യമാകും വിധം ശിക്ഷിക്കണം .കുറച്ചു നാളത്തേക്ക് സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തി പിന്നീട് "പാപി പശ്ചാത്തപിച്ചു ,ആയതിനാൽ ക്ഷമ നൽകുന്നു "എന്ന നിലയിൽ കാര്യങ്ങൾ അവസാനിപ്പിക്കുന്ന രീതി ഇനിയും ഉണ്ടാകരുത് ഇത്തരം പുരോഹിതന്മാരെ ജനങ്ങളും ഒറ്റപ്പെടുത്തണം .അത്തരം പുരോഹിതന്മാരെ പിന്തുണക്കുന്ന വ്യക്തികളെ -പുരോഹിതന്മാരായാലും അല്മായക്കാരായാലും -സമൂഹം ഒറ്റപ്പെടുത്തണം

മലങ്കര സഭ പുലർത്തിയിരുന്ന ഉന്നത പൗരോഹിത്യ പാരമ്പര്യങ്ങൾ വീണ്ടെടുക്കുവാൻ ഒരു തീവ്ര ശ്രമം ഉണ്ടാകേണ്ടതാണ് .പലപ്പോഴും ഇത്തരം ആരോപണങ്ങളെ വിശദമായ അന്വേഷണമില്ലാതെ  Hush Up ചെയ്യുവാനാണ് ശ്രമം .ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് മൂഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടതിനാൽ അതിനു സാധ്യത ഇല്ലാതെ പോയി .

പുരോഹിതന്മാർ സംശയത്തിന്റെ നിഴലിലായിരിക്കുമ്പോൾ തന്നെ ചില സംശയങ്ങൾ  ആരോപണം ഉന്നയിച്ച രീതിയെക്കുറിച്ചും ഉയരുന്നുണ്ട് .ഒരു ഓൺലൈൻ മാധ്യമത്തിലും തുടർന്ന് യാക്കോബായ സോഷ്യൽ മീഡിയയിലും ആണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് .ആരോപണ വിധേയനായ വൈദീകൻ നിയമ നടപടികൾക്ക് തുടക്കം കുറിച്ചതോടെ ഓൺലൈൻ മാധ്യമത്തിൽ നിന്നും ഈ വാർത്ത അപ്രത്യക്ഷമായി ..ചില യാക്കോബായ  സൈറ്റുകളും പിന്മാറി .ഇതെല്ലം ചിലതിലേക്കു വിരൽ ചൂണ്ടുന്നില്ലേ?

Wednesday, March 28, 2018

അഭി.തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് )മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത്

അഭിവന്ദ്യ തിരുമേനി,

കണ്ടനാട് ഭദ്രാസന ബുള്ളറ്റിൻ മാർച്ച് ലക്കത്തിലെ തിരുമേനിയുടെ മെത്രാപ്പോലീത്തയുടെ കത്ത് എന്ന ലിഖിതം വായിച്ചു .അതിനോടുള്ള പ്രതികരണമാണ് ഈ കത്ത് .ഓർത്തഡോൿസ് സഭയുടെ സീനിയർ മെത്രാപോലിത്ത മാരിൽ ഒരാളും സുന്നഹദോസ് അംഗവും ആയ അങ്ങ് സഭയുടെ നിലപാടുകളെ തള്ളി പറയുന്നത് തീർച്ചയായും ഒരു നല്ല കാര്യമായി ആരും അംഗീകരിക്കും എന്ന് പറയാനാവില്ല .ഭദ്രാസന മെത്രാപ്പോലീത്തമാർ എല്ലാവരും മലങ്കര മെത്രാപോലിത്ത യുടെ അസ്സിസ്റ്റന്റുമാർ എന്ന നിലയിലാണ് ഭദ്രാസനം ഭരിക്കുന്നത് എന്ന അടിസ്ഥാന വസ്തുത അങ്ങ് പലപ്പോഴും വിസ്മരിക്കുന്നതായി തോന്നുന്നു .അല്ലെങ്കിൽ ആ വസ്തുത അംഗീകരിക്കുവാൻ അങ്ങേക്ക് വിമുഖത ഉണ്ട് എന്നും പറയേണ്ടി വരുന്നു .
സഭാ സമാധാന പ്രക്രിയയിൽ പാത്രിയർക്കിസിനെ ഉൾപ്പെടുത്തിയാൽ എല്ലാം ശരിയാകും എന്ന് പറയുന്ന അങ്ങ് സ്വന്തം അഭിപ്രായ പ്രകാരം പാത്രിയർക്കിസിനെ സന്ദർശിച്ചു സംഭാഷണം നടത്തിയിട്ടു എന്തെങ്കിലും പ്രയോജനം ഉണ്ടായോ?പാത്രിയർക്കിസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ നേതൃത്വം എന്തെങ്കിലും നടപടി എടുത്തുവോ?
മലങ്കര സഭയിൽ കൂനൻ കുരിശിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാ പിളർപ്പുകളും പാത്രിയർക്കിസിന്റെ നടപടികളുടെ ഭാഗമായിട്ടായിരുന്നു .തൊഴിയൂർ സഭ ആയാലും മാർത്തോമാ സഭ ആയാലും മലങ്കര സഭയിൽ നിന്നും വിട്ടു പോകാൻ ഇടയായത് അതാത് കാലത്തെ പാത്രിയർക്കിസന്മാർ നടത്തിയ അനധികൃതമായ വാഴിക്കലിന്റെയും മുടക്കിന്റെയും പരിണിത ഫലമായിരുന്നു .ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കവും കുപ്രസിദ്ധമായ 203  കൽപ്പനയിലുഉടെ മാർത്തോമാ ശ്ലീഹായേ കപ്പിയാരാക്കി അവഹേളിച്ചതിലൂടെ അല്ലെ ?അങ്ങിനെയുള്ള പാത്രിയർക്കിസ് ഇവിടെ സമാധാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കയോ പ്രവര്തിക്കയോ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ചിന്തിക്കാനാവില്ല .
പാത്രിയർക്കിസും മലങ്കര മെത്രാപ്പോലീത്തയും ഒന്നിച്ചു പങ്കെടുത്ത മറ്റു ഓറിയന്റൽ ഒത്തോഡോസ് സഭാ വേദികളിൽ വച്ച് പ: കാതോലിക്കാ ബാവ ഒരു മഞ്ഞുരുകൽ  സംഭാഷണത്തിന് ശ്രമിച്ചപ്പോൾ അതിനോട് നിഷേധാത്മകമായി പാത്രിയർക്കിസ് പ്രതികരിച്ചത് തിരുമേനി അറിഞ്ഞിട്ടില്ലെന്നോ അതോ അങ്ങിനെ ഭാവിക്കുന്നതോ?
പാണംപടി പള്ളിയുടെ കേസ് കോടതി തള്ളി എന്ന തിരുമേനി യുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് .ശീമ മെത്രാൻ മാത്രമാണ് എതിർ കക്ഷി എന്ന് പറഞ്ഞതും വസ്തുതാപരമായി ശരിയല്ല .1934 ലെ ഭരണഘടന അനുസരിക്കാത്ത എല്ലാ മെത്രാന്മാരെയും നിരോധിക്കണം എന്നാണ് കെയ്‌സ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും ഈ കേസ് പള്ളിക്കോടതി പരിഗണിക്കണമോ എന്നതിൽ കോട്ടയം മുൻസിഫ് കോടതിയുടെ അഭിപ്പ്രായം  ചോദിച്ചത് മൂലമുള്ള നടപടികൾ ഇപ്പോഴും നിൽക്കുന്നുണ്ട് .വസ്തുതകൾ ശരിയായി പഠിക്കാതെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അപ്രകാരം ഒരു പ്രസ്താവന തിരുമേനിയിൽ നിന്നും ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്
മലങ്കര സഭയുമായി പുനരൈക്യപ്പെട്ട ശേഷം ഔഗേൻ ബാവയും വയലിപ്പറമ്പിൽ തിരുമേനിയും സേവേറിയോസ് തിരുമേനിയും കാണിച്ചു തന്ന മഹനീയ മാതൃക അങ്ങേയുടെ ഭാഗത്തു നിന്നും ഉണ്ടാകുവാൻ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കത്ത് ചുരുക്കട്ടെ 

Saturday, October 14, 2017

ആടിന്റെ കിങ്ങിണി അഥവാ അല്മായ -വൈദീക ട്രസ്റ്റിമാർ

 പലയിനം ആടുകൾക്കും കിങ്ങിണി എന്നൊരു അവയവം ഉണ്ട്.പ്രത്യേകിച്ച് നാടൻ ഇനങ്ങൾക്ക്.കഴുത്തിൽ തൂങ്ങി കിടക്കുന്ന ഒന്നോ രണ്ടോ ഇഞ്ചു നീളവും അര സെന്റിമീറ്റർ ചുറ്റളവുമുള്ള ഒരു മാംസക്കഷണത്തെയാണ് കിങ്ങിണി എന്ന് ആടിനെ വളർത്തുന്നവർ പറയുന്നത് .അജഗളസ്തനം എന്ന് ഭാഷാ പണ്ഡിതരും ഈ അവയവത്തെ വിശേഷിപ്പിക്കാറുണ്ട് .
മലങ്കര സഭ എന്ന ആടിന്റെ കിങ്ങിണിയാണ് അല്മായ-വൈദീക ട്രസ്ടിമാർ .

കിങ്ങിണി എന്ന അവയവം ആടിനോ ആടിനെ വളർത്തുന്നവർക്കോ പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്ത അവയവമാണു  .കേവലം ഒരു അലങ്കാരം എന്ന നിലയിൽ മാത്രമാണ് അതിന്റെ പ്രസക്തി .ഈ സ്ഥാനം നിലവിൽ വന്നത് ആംഗ്ലിക്കൻ സഭയും മലങ്കര സഭയും തമ്മിൽ വേർപിരിഞ്ഞ ഘട്ടത്തിൽ യോജിച്ചു നിന്ന കാലത്തു സഭ ആർജിച്ച സ്വത്തുക്കൾ പങ്കു വയ്ക്കുവാൻ കൊച്ചിൻ പഞ്ചായത്തു എന്ന സംവിധാനം നിലവിൽ വരികയും അതിലൂടെ സഭാ സ്വത്തുക്കൾ വിഭജിക്കയും ചെയ്തപ്പോൾ പ്രസ്തുത സ്വത്തുക്കളുടെ കൈകാര്യ കർതൃത്വത്തിനു ഒരു വൈദീകനും അല്മായനുംമലങ്കര മെത്രാപ്പോലീത്തയോട് കൂടെ ട്രസ്റ്റിമാരായി  ഉണ്ടായിരിക്കണം എന്ന പഞ്ചായത്തു നിർദേശ പ്രകാരമാണ് .ചുരുക്കി പറഞ്ഞാൽ മലങ്കര സഭയുടെ സ്വാഭാവികമായ വളർച്ചയിൽ രൂപം കൊണ്ടതോ സഭ സ്വയമായി രൂപം കൊടുത്തോ ആയ ഒന്നല്ല ഈ സ്ഥാനങ്ങൾ .ഒരു പ്രത്യേക സാഹചര്യത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലിന്റെ ഫലമായി നിലവിൽ വന്ന സ്ഥാനങ്ങളാണ് ഇവ

മലങ്കര സഭയുടെ 1934 ലെ ഭരണ ഘടന പ്രകാരം അല്മായ വൈദീക ട്രസ്ടിമാർ  വട്ടിപ്പണം ,വൈദീക സെമിനാരി  എന്നിവയും ഇവകളിൽ  നിന്നും ലഭ്യമാകുന്ന  വരുമാനം  എന്നിവകളിൽ  മാത്രമാണ് മലങ്കര മെത്രാപ്പോലീത്തയോടൊപ്പം കൂട്ട് ട്രസ്ടിമാരായിട്ടുള്ളത് .മലങ്കര സഭയുടെ ആത്മീയവും വൈദീകവും  ഭൗതീകവുമായ എല്ലാ കാര്യങ്ങളുടെയും ഭരണാധികാരി മലങ്കര മെത്രാപ്പോലീത്തായാണ് .ആയതിനാൽ ഭരണപരമായ കാര്യങ്ങളിൽ  അല്മായ വൈദീക ട്രസ്ടിമാർക്കു പ്രത്യേകിച്ച് റോൾ ഒന്നുമില്ല .പ.കാതോലിക്കാ  ബാവ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചത് തന്നോടാലോചിക്കാതെയാണ് എന്ന് അല്മായ ട്രസ്റ്റി പരിഭവം പറഞത് അദ്ദേഹത്തിന്റെ വിവരക്കേടോ തന്റെ സ്ഥാനലബ്ധിയിലുള്ള നിഗളമോ ആയി കണക്കാക്കി നമുക്ക് ക്ഷമിക്കാം .ഒപ്പം ഫ്രീയായി ഒരു ഉപദേശവും .സ്വന്തം സ്ഥാനത്തെപ്പറ്റിയുള്ള ഭരണഘടനാ വിവക്ഷ ഒന്ന് മനസ്സിലാക്കുന്നത് ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകമാകും
വൈദീക ട്രസ്റ്റിയും തല മറന്നു എണ്ണ തേയ്ക്കുന്ന നിലയിൽ ചില പരാമശങ്ങൾ നടത്തുന്നതായി കാണുന്നു .പല തോൽവികൾ അഭിമുഖീകരിച്ച ആൾ ഒരു വിജയം കണ്ടപ്പോൾ ഒന്ന് നിഗളിച്ചു പോയാൽ കുറ്റം പറയാനാവില്ല .പക്ഷെ ഒന്ന് ഓർക്കുന്നത് കൊള്ളാം .യാതൊരു കാരണവും പറയാതെ മാനേജിങ് കമ്മറ്റിക്ക് നീക്കം ചെയ്യാവുന്നതേ ഉള്ളു അല്മായ-വൈദീക ട്രസ്ടിമാരെ എന്നത് 

Monday, September 4, 2017

വീണ്ടും ഒരു സമാധാന ചർച്ച

ചരിത്രം ഒരിക്കൽ യാഥാർത്ഥമായും പിന്നീട് പ്രഹസനം ആയും ആവർത്തിക്കും എന്ന ചരിത്രകാരൻമാർ പറയുന്നത്  പോലെ  മലങ്കരയിൽ ഇപ്പോൾ വീണ്ടും ഒരു സമാധാനത്തിനുള്ള ചർച്ചകളുടെ കാലം ആണ് .വട്ടശ്ശേരിൽ തിരുമേനിയും  അപ്രേം I പാത്രിയർക്കിസും തമ്മിലും ,ഗീവർഗീസ്  II ബാവയും എലിയാസ്  തൃതീയൻ പാത്രിയർക്കിസും തമ്മിലും ഒക്കെ ചർച്ചകൾ നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത് .1958 ലെ സുപ്രിം കോടതി വിധിയെ തുടർന്നാണ് അർഥപൂർണമായ സമാധാന ശ്രമങ്ങൾ ഉണ്ടായത്  .സുപ്രീം കോടതി വിധിയിൽ 3 ലക്ഷം രൂപ കോടതി ചിലവായി ബാവ കക്ഷി നൽകണം എന്ന ഭാഗമാണ് പാത്രിയർക്കിസ് വിഭാഗത്തെ പരിഭ്രാന്തരാക്കിയത് .എങ്ങിനെയും സമാധാനം എന്ന് മുറവിളി കൂട്ടിക്കൊണ്ടിരുന്ന ഒരു വലിയ വിഭാഗത്തെ കൂട്ട് പിടിച്ചു അന്ത്യോഖ്യ ഭക്തർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിങ്ങവനം വട്ട മേശ സമ്മേളനവും കുരിശുപള്ളി ഉപവാസവും മൂലം സാത്വികരായ കല്ലാശ്ശേരിൽ ബാവായെയും മറ്റും സമ്മർദ്ദത്തിലാക്കി സുപ്രീം കോടതി വിധി നിഷ്പ്രഭമാക്കുവാനും പാത്രിയർക്കിസിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കുവാനും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മാത്രമാണ് അർഥപൂർണമായ സമാധാന ശ്രമങ്ങൾ ഉണ്ടായത് .

ഇത്തവണ കാര്യങ്ങൾക്കു  ചില മാറ്റങ്ങൾ  കാണാതിരിക്കാനാവില്ല .പാത്രിയർക്കിസ് വിഭാഗത്തിന്റെ നേതൃ നിരയിലെ ഗുണപരമായ മാറ്റമാണ് പ്രധാനം .നിയമങ്ങളോട് ബഹുമാനവും ആദരവും പുലർത്തിയിരുന്ന 58  ലെ നേതൃത്വത്തിന്റെ നിലപാടും ഇന്നത്തെ അവരുടെ പിന്ഗാമികളുടെ നിലപാടും തമ്മിൽ അജഗജാന്തരമുണ്ട് .മലങ്കര സഭയെ പിളർത്തി മറ്റൊരു സഭയുണ്ടാക്കണം എന്ന ചിന്ത ബാവ കക്ഷി നേതൃത്വത്തിന് അന്ന്  ഉണ്ടായിരുന്നില്ല .അത് അസാധ്യവും ആയിരുന്നു .പുതുതായി പള്ളികൾ വച്ച് മറ്റൊരു സഭ ആയിത്തീരുക സാധ്യമായിരുന്നില്ല .മെത്രാന്മാർക്കും തങ്ങളുടെ ആസ്ഥാനം വിട്ടു തല ചായ്ക്കുവാൻ വേറെ ഇടം കണ്ടത്തേണ്ടിയിരുന്നു .
ഇന്നത്തെ സാഹചര്യത്തിൽ സിംഹാസനപ്പള്ളികൾ ,പൗരസ്ത്യ സുവിശേഷ സമാജം പള്ളികൾ ,ക്നാനായ സമുദായത്തിന്റെ പള്ളികൾ മുതലായവ അവർക്കുണ്ട് .കേസുകളുടെ പരിണാമം അനുസരിച്ചു ഇനിയും കുറെ പള്ളികളുടെ കൈവശാവകാശം നഷ്ടപ്പെട്ടാലും കുറെ പള്ളികൾ ശേഷിക്കും .മഫ്രിയാനാകും മെത്രാന്മാർക്കും ആസ്ഥാനങ്ങൾ ഉണ്ട് .ഈ സാഹചര്യത്തിൽ
ഇവിടത്തെ പാത്രിയർക്കിസ് പക്ഷത്തിനു ഒരു യോജിപ്പിനുള്ള ദാഹം ഉണ്ടാകാനിടയില്ല .നഷ്ടപ്പെടുന്ന പള്ളികളിലെ വിശ്വാസികൾ സഭ വിട്ടു പോയാലും കുറെ തീവ്ര വാദികളെ നില നിർത്തുവാൻ അവർക്കു സാധിക്കും .

പാത്രിയർക്കിസ് വിഭാഗത്തെ അലട്ടുന്ന മറ്റൊരു ചിന്ത യോജിപ്പുണ്ടായാൽ തങ്ങളുടെ ഭാഗത്തു നിന്നും ഇനിയും ശോഷണം ഉണ്ടാകും എന്നതാണ്   58 -74 കാലഘട്ടത്തിൽ ഉണ്ടായതിലും ഭീകരമായ ചോർച്ചയുണ്ടാകും എന്ന് അവർ ന്യായമായും ഭയപ്പെടുന്നു

ഓർത്തഡോക്സ് സഭക്കും ന്യായമായ ആശങ്കകൾ ഉണ്ട് .ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ യോജിപ്പിനു ശേഷവും യാക്കോബായ വിഭാഗം പ്രശ്നങ്ങൾ സൃഷ്ടിക്കയും ആത്യന്തികമായി ഇനിയും കേസുകളിലും ഒക്കെ എത്തിച്ചേരും എന്ന ആശങ്ക ഓർത്തഡോൿസ് സഭാ നേതൃത്വത്തെ അലട്ടുന്നുണ്ട്

ചുരുക്കമായി പറഞ്ഞാൽ ഇരു ഭാഗത്തും വലിയ ശുഭാപ്തി വിശ്വാസത്തോടെയല്ല ഇപ്പോഴത്തെ സമാധാന ചർച്ചകളെ സമീപിക്കുന്നതു്

സമാധാനം,സമാധാനം എന്ന് ഉരുവിട്ട് കൊണ്ട് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രത്യക്ഷപ്പെടുന്നുണ്ട് .എന്നാൽ എങ്ങിനെ സമാധാനം ഉണ്ടാക്കാം എന്ന് ഇവരാരും ഒരു നിർദേശവും മുന്നോട്ടു വച്ചിട്ടില്ല .നിയളവിലുള്ള സാഹചര്യത്തി ൽ താഴെ പറയുന്ന സാദ്ധ്യ തകളാണ് ഉള്ളത്
 ! 1958 ഉണ്ടായത് പോലെ നിരുപാധിക പരസ്പര സ്വീകരണം
ഇന്നത്തെ  സാഹചര്യത്തിൽ അത് തികച്ചും അസാധ്യമാണ് .സിംഹാസന പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം പള്ളികളും മറ്റും 34 ലെ ഭരണഘടനക്ക് വിധേയമാക്കുവാൻ യാക്കോബായ വിഭാഗം തയ്യാറാക്കുവാൻ യാതൊരു സാധ്യതയും ഇല്ല .ഇരുഭാഗത്തേയും മെത്രാന്മാരെ സ്വീകരിക്കുവാൻ മറുഭാഗം തയ്യാറാവില്ല എന്നതും ഉറപ്പാണ് .
II താൽക്കാലികമായി സമാധാനം ഉണ്ടായാൽ തന്നെ അത് എത്ര കാലം നിലനിൽക്കും എന്നതും ചുരുങ്ങിയ പക്ഷം ഓർത്തഡോൿസ് സഭയുടെ ആശങ്കയാണ്
ഇവക്കെല്ലാം ഉത്തരം ലഭിക്കാത്ത കാലത്തോളം സമാധാനം എന്നത് ഒരു മരീചിക ആയി തന്നെ തുടരും
 


  

Saturday, April 22, 2017

കുരിശും പിണറായിയും പിന്നെ കുടിയൊഴിപ്പിക്കലും

കേരളത്തിൽ കയ്യേറ്റക്കാർക്ക് ഒരു ആയുധം ലഭിച്ചിരിക്കുന്നു .കയ്യേറ്റ ഭൂമിയിൽ ഒരു കുരിശു നാട്ടിയാൽ  മതി .ആരും അതിന്റെ അഞ്ചായലത്ത്  വരില്ല .വരുന്നവൻ വിവരമറിയും
കയ്യേറ്റത്തിന്റെ ഒരു തിരക്കഥ ഇങ്ങിനെ .ആദ്യം ഒരു കുരിശു സ്ഥാപിക്കുക .കുറെ നാൾ അവിടെ മെഴുകുതിരി കത്തിക്കുക പ്രാർത്ഥിക്കുക .പിന്നെ സാവകാശം ഒരു ഷെഡ് കെട്ടുക .കാലക്രമത്തിൽ അത് ഒരു പള്ളിയാക്കുക .പിന്നെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ വളച്ചു കെട്ടുക .തികഞ്ഞ ആവർത്തന വിരസതയോടെ കേരളത്തിൽ അരങ്ങേറുന്ന ഒരു  പൊറാട്ടു നാടകമാണിത് .

പിണറായിക്കു കുരിശിനോട് പ്രത്യേകിച്ച് സ്നേഹമോ ഭീതിയോ വിദ്വെഷമോ ഇല്ല എന്ന് ഏവർക്കും അറിയാം.എന്നിട്ടും എന്തേ തന്റെ ഇരട്ടച്ചങ്കൻ എന്ന image നഷ്ടപ്പെടുത്തി കുരിശിന്റെ സംരക്ഷകനായി അവതരിച്ചു?പച്ച കള്ളം പൊതു വേദിയിൽ പറഞ്ഞ മെത്രാനെ നികൃഷ്ട ജീവി എന്ന് വിളിച്ച ചങ്കൂറ്റം എവിടെ പോയി?

ഈ വിഷയത്തിൽ മൗനം പാലിക്കയോ കുരിശു നീക്കം ചെയ്തതിനെ പിന്താങ്ങുകയോ ചെയ്തിരുന്നെങ്കിൽ കെ സി ബി സി യും മറ്റു വലതു രാഷ്ട്രീയ ആഭിമുഖ്യമുള്ള സഭകളും പിണറായി മന്ത്രി സഭയുടെ നെഞ്ചത്ത് ചുടല നൃത്തം ആടുമായിരുന്നില്ലേ?സാധ്യത വളരെയാണ് .ഒരു മുഖ്യധാരാ സഭയുടേതല്ല എന്ന കാരണത്താൽ ആദ്യം കയ്യേറ്റത്തെ അപലപിച്ച ചില മെത്രാന്മാർ കോഴി ഒരു പ്രാവശ്യം കൂവുന്നതിനു മുൻപേ പ്ലേറ്റ് മറിച്ചു വച്ചതു ഒരു സൂചനയാണ് .സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കുരിശടികളും പള്ളികളും മറ്റു മത സ്ഥാപനങ്ങളും ഉള്ളത് ഇടുക്കിയിൽ മാത്രമല്ല .കയ്യേറ്റത്തെ എതിർക്കുന്നു,കുരിശിനോടുള്ള അനാദരവിൽ വേദനിക്കുന്നു എന്ന് പറയുന്ന ബിഷപ്പന്മാർക്കു കത്തനാർ മാർക്കും ആർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സഭയിൽ ആരെങ്കിലും സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ അവ ആദരപൂർവം നീക്കം ചെയ്യും എന്ന് പ്രഖ്യാപിക്കാൻ തന്റേടം കാണിക്കുമോ?
പിണറായി ഭയപ്പെട്ടത് ഒരു രണ്ടാം വിമോചന സമരത്തെയാണ് .ക്രിസ്ത്യൻ വോട്ടുകളുടെ നഷ്ടത്തെയാണ് .രണ്ടും അസ്ഥാനത്താണ് .പിണറായി സ്വയം കുരിശിലേറിയാലും നല്ല പങ്കു ക്രിസ്ത്യാനികളും ഇടതു പക്ഷത്തിനു വോട്ടു ചെയ്യില്ല .ഇപ്പോൾ പിന്തുണക്കുന്ന ന്യുനപക്ഷം ക്രിസ്ത്യാനികൾ ഇത്തരം മത മൗലിക വാദത്തിൽ വീഴുകയുമില്ല .

ആരെങ്കിലും നെടുകെയും കുറുകെയും രണ്ടു മരക്കഷണമോ ലോഹക്കഷണമോ  പിണച്ചു വച്ചാൽ അത് കുരിശാവുകയില്ല .ക്രിസ്ത്യാനികൾ ഭക്തിപൂർവ്വം ആദരിക്കുന്ന കുരിശിനെ അവഹേളിക്കുന്നത് ദുഷ്ട ലാക്കോടെ അത്തരം രൂപങ്ങൾ ഉണ്ടാക്കുകയും അത് ആരാൻറെ ഭൂമി കയ്യേറുവാൻ ഉപയോഗിക്കുന്നവരാണ് .ഒരു ശരിയായ ക്രിസ്തവ വിശ്വാസിയും അത്തരം കയ്യേറ്റങ്ങൾക്ക്‌ മറയാക്കുന്ന കുരിശിന്റെ പേരിൽ വികാരം കൊള്ളുകയില്ല

പിൻകുറിപ്പു

ഓർക്കുന്നുണ്ടോ കേരളം മുൾമുനയിൽ മാസങ്ങളോളം നിന്ന നിലക്കൽ പ്രശ്നം?
അതിന്റെയും തുടക്കം ഒരു കുരിശിൽ നിന്നും ആയിരുന്നു .ശബരിമലക്ക് സമീപത്തുള്ള നിലക്കൽ എന്ന സ്ഥലത്തു  നിന്ന് ഒരു കോൺക്രീറ്റ് കുരിശു കണ്ടെത്തിയതിൽ നിന്നായിരുന്നു തുടക്കം അൽപ്പം കായബലവും കുറെ രാഷ്ട്രീയ സ്വാധിനവും ആവശ്യത്തിന് സാമ്പത്തികവും ഉള്ള ഒരു നേതാവിന്റെ നേതൃത്വത്തിൽ അവിടെ കുരിശു സ്ഥാപിക്കുവാൻ ശ്രമം തുടങ്ങി .ആ പ്രദേശം അയ്യപ്പൻറെ പൂങ്കാവനം ആണെന്നും അവിടെ കുരിശു സ്ഥാപിക്കാനാവില്ലനിന്നും വാദിച്ചു സംഘ പരിവാറും മറ്റും .കുമ്മനം രാജശേഖരൻ പ്രശസ്തനായത് ഈ സമരത്തിലൂടെയാണ് .FCI ലെ ജോലി രാജിവച്ചു പൂര്ണസമായ പൊതുപ്രവർത്തകൻ എന്ന നിലയിലേക്ക് അദ്ദേഹം കളം മാറിയതും ഈ സമരത്തോടെ .കേരളം ഒരു വർഗ്ഗീയ കലാപത്തിന്റെ മുൾമുനയിൽ നിന്നതു മാസങ്ങളോളം ആയിരുന്നു 

Sunday, March 5, 2017

പുതിയ ട്രസ്റ്റി മാർക്ക് ഭാവുകങ്ങൾ

 മലങ്കര സഭയുടെ 2017 -2022 കാലഘട്ടത്തിലേക്ക് മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത വൈദീക ട്രസ്റ്റി എം.ഓ .ജോൺ അച്ചനും അല്മായ ട്രസ്റ്റി ജോർജ് പോളിനും എല്ലാ ഭാവുകങ്ങളും നേരുന്നു .ഇതഃപര്യന്തമുള്ള തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വാശിയേറിയ തും ചിലപ്പോഴൊക്കെ മാന്യതയുടെ സീമകൾ ലംഘിച്ചും ഉള്ള പ്രചാരണത്തിനൊടുവിൽ വൈദീക ട്രസ്റ്റി വൻ ഭൂരിപക്ഷത്തിനും അല്മായ   ട്രസ്റ്റി നേരിയ ഭൂരിപക്ഷത്തിനും വിജയം നേടി .ഇന്നത്തെ കാല -ദേശ -സാംസ്കാരിക കാലാവസ്ഥയിൽ അത് സ്വാഭാവികം എങ്കിലും ഒരു സഭാ തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി മാന്യമായ പ്രചാരണ രീതികൾ ആയിരുന്നു അഭികാമ്യം .

കേരളത്തിലെ മറ്റു സാമുദായിക സംഘടനകളുടെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ വളരെയേറെ കാര്യക്ഷമവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ്  മലങ്കര  സഭയുടേത് എന്ന് വ്യക്ത മാണ്.നിലവിലുള്ള സ്ഥാനികളെ മാറ്റി മറ്റൊരു സംഘത്തെ മറ്റു സമുദായ സംഘടനകളിൽ തിരഞ്ഞെടുത്ത ചരിത്രം ഉണ്ടായിട്ടില്ല .നിലവിലുള്ളവർക്കു തുടരുവാൻ പാകത്തിനുള്ള തിരഞ്ഞെടുപ്പ് നടപടികളാണ് ഇതര സമുദായ സംഘടനകളിൽ ഉള്ളത് . മലങ്കര സഭയുടെ സുതാര്യമായ തിരഞ്ഞെടുപ്പ് നടപടി ക്രമം പ്രതിപുരുഷന്മാരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് യാതൊരു തടസ്സവും സൃഷ്ടിച്ചിരുന്നില്ല .

തിരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർ തന്നെ .തങ്ങളുടെ കഴിവുകൾ സഭയുടെ ഉന്നമനത്തിനും ശ്രേയസ്സിനുമായി വിനിയോഗിക്കുവാൻ അവരെ പരിശുദ്ധാത്മാവ് വഴി നടത്തട്ടെ എന്ന് എല്ലാ സഭാസ്നേഹികളും ആശംസിക്കും എന്ന് ഉറപ്പു തന്നെ .പുതിയ സ്ഥാനികൾ മലങ്കര മെത്രാപ്പോലീത്തയോട് സമരസപ്പെട്ടു പ്രവർത്തിക്കും എന്നും ചില കേന്ദ്രങ്ങൾ ആശങ്കപ്പെടുകയോ മറ്റു ചിലർ ആശിക്കുകയോ ചെയ്യുന്നത് പോലെ  മലങ്കര മെത്രാപ്പോലീത്തക്ക് ശരശയ്യ  ഒരുക്കുന്നവർ ആവില്ല എന്നും പ്രത്യാശിക്കാം

മാവേലിക്കര പടിയോലയുടെ പരിണിത ഫലമായി അവസാനിച്ച സി എം എസ് സഹവാസ കാലത്തു ആർജ്ജിച്ച സ്വത്തുക്കൾ വിഭജിച്ചപ്പോൾ കൊച്ചിൻ
പഞ്ചായത് എന്ന ബ്രിട്ടീഷുകാർക്ക് ആധിപത്യമുള്ള സംവിധാനം  മലങ്കര സഭാ സ്വത്തുക്കൾ ഭരിക്കുവാൻ മലങ്കര  മെത്രാപ്പോലീത്തയോടൊപ്പം ഒരു വൈദീകനും   ഒരു  അല്മായക്കാരനും ട്രസ്റ്റികളായി ഉണ്ടായിരിക്കണം എന്ന് നിബന്ധന ചെയ്തതോടെയാണ് ഈ സ്ഥാനങ്ങൾ നിലവിൽ വന്നത് .ആയതിനാൽ തന്നെ ഈ സ്ഥാനികൾ മലങ്കര സഭയുടെ A ഷെഡ്യൂൾ ആസ്തികൾക്കു മാത്രമാണ് കൂട്ട് ട്രസ്റ്റികൾ ആകുന്നതു .ആ ഷെഡ്യൂൾ ആസ്തികൾ ഇപ്പോൾ  ഒന്നൊന്നായി വിൽക്കുകയും  പണം സുന്നഹദോസിന്റെ മാത്രം നിയന്ത്രണത്തിലുള്ള ബി .ഷെഡ്യുൾ ആസ്തികളായി മാറ്റപ്പെട്ടു കൊണ്ടും
ഇരിക്കുന്നു .ഈ സ്ഥിതിക്ക് പുതിയ ട്രസ്റ്റിമാർ മൂക സാക്ഷികൾ ആവില്ല എന്ന് പ്രതീക്ഷിക്കാം .

വട്ടിപ്പണം ഇന്ന് മലങ്കര സഭയുടെ ഒരു നിഷ്ക്രിയ ആസ്തിയായി നിലകൊള്ളുന്നു .അതിന്റെ മൂലധനം ഇന്നത്തെ നില വച്ച് നോക്കുമ്പോൾ  തുലോം തുച്ഛം എങ്കിൽ തന്നെയും മലങ്കര സഭയുടെ പൗരാണിക ആസ്തിയുടെ മൂല്യം വിലമതിക്കാനാവാത്തതാണ് . ആയതിനാൽ തന്നെ അത് ഒരു സക്രിയ ആസ്തിയായി മാറ്റുവാൻ പുതിയ  ട്രസ്ടിമാർ ഉത്സാഹിക്കും എന്ന് പ്രതീക്ഷിക്കാം