Sunday, March 5, 2017

പുതിയ ട്രസ്റ്റി മാർക്ക് ഭാവുകങ്ങൾ

 മലങ്കര സഭയുടെ 2017 -2022 കാലഘട്ടത്തിലേക്ക് മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത വൈദീക ട്രസ്റ്റി എം.ഓ .ജോൺ അച്ചനും അല്മായ ട്രസ്റ്റി ജോർജ് പോളിനും എല്ലാ ഭാവുകങ്ങളും നേരുന്നു .ഇതഃപര്യന്തമുള്ള തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വാശിയേറിയ തും ചിലപ്പോഴൊക്കെ മാന്യതയുടെ സീമകൾ ലംഘിച്ചും ഉള്ള പ്രചാരണത്തിനൊടുവിൽ വൈദീക ട്രസ്റ്റി വൻ ഭൂരിപക്ഷത്തിനും അല്മായ   ട്രസ്റ്റി നേരിയ ഭൂരിപക്ഷത്തിനും വിജയം നേടി .ഇന്നത്തെ കാല -ദേശ -സാംസ്കാരിക കാലാവസ്ഥയിൽ അത് സ്വാഭാവികം എങ്കിലും ഒരു സഭാ തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി മാന്യമായ പ്രചാരണ രീതികൾ ആയിരുന്നു അഭികാമ്യം .

കേരളത്തിലെ മറ്റു സാമുദായിക സംഘടനകളുടെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ വളരെയേറെ കാര്യക്ഷമവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ്  മലങ്കര  സഭയുടേത് എന്ന് വ്യക്ത മാണ്.നിലവിലുള്ള സ്ഥാനികളെ മാറ്റി മറ്റൊരു സംഘത്തെ മറ്റു സമുദായ സംഘടനകളിൽ തിരഞ്ഞെടുത്ത ചരിത്രം ഉണ്ടായിട്ടില്ല .നിലവിലുള്ളവർക്കു തുടരുവാൻ പാകത്തിനുള്ള തിരഞ്ഞെടുപ്പ് നടപടികളാണ് ഇതര സമുദായ സംഘടനകളിൽ ഉള്ളത് . മലങ്കര സഭയുടെ സുതാര്യമായ തിരഞ്ഞെടുപ്പ് നടപടി ക്രമം പ്രതിപുരുഷന്മാരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് യാതൊരു തടസ്സവും സൃഷ്ടിച്ചിരുന്നില്ല .

തിരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർ തന്നെ .തങ്ങളുടെ കഴിവുകൾ സഭയുടെ ഉന്നമനത്തിനും ശ്രേയസ്സിനുമായി വിനിയോഗിക്കുവാൻ അവരെ പരിശുദ്ധാത്മാവ് വഴി നടത്തട്ടെ എന്ന് എല്ലാ സഭാസ്നേഹികളും ആശംസിക്കും എന്ന് ഉറപ്പു തന്നെ .പുതിയ സ്ഥാനികൾ മലങ്കര മെത്രാപ്പോലീത്തയോട് സമരസപ്പെട്ടു പ്രവർത്തിക്കും എന്നും ചില കേന്ദ്രങ്ങൾ ആശങ്കപ്പെടുകയോ മറ്റു ചിലർ ആശിക്കുകയോ ചെയ്യുന്നത് പോലെ  മലങ്കര മെത്രാപ്പോലീത്തക്ക് ശരശയ്യ  ഒരുക്കുന്നവർ ആവില്ല എന്നും പ്രത്യാശിക്കാം

മാവേലിക്കര പടിയോലയുടെ പരിണിത ഫലമായി അവസാനിച്ച സി എം എസ് സഹവാസ കാലത്തു ആർജ്ജിച്ച സ്വത്തുക്കൾ വിഭജിച്ചപ്പോൾ കൊച്ചിൻ
പഞ്ചായത് എന്ന ബ്രിട്ടീഷുകാർക്ക് ആധിപത്യമുള്ള സംവിധാനം  മലങ്കര സഭാ സ്വത്തുക്കൾ ഭരിക്കുവാൻ മലങ്കര  മെത്രാപ്പോലീത്തയോടൊപ്പം ഒരു വൈദീകനും   ഒരു  അല്മായക്കാരനും ട്രസ്റ്റികളായി ഉണ്ടായിരിക്കണം എന്ന് നിബന്ധന ചെയ്തതോടെയാണ് ഈ സ്ഥാനങ്ങൾ നിലവിൽ വന്നത് .ആയതിനാൽ തന്നെ ഈ സ്ഥാനികൾ മലങ്കര സഭയുടെ A ഷെഡ്യൂൾ ആസ്തികൾക്കു മാത്രമാണ് കൂട്ട് ട്രസ്റ്റികൾ ആകുന്നതു .ആ ഷെഡ്യൂൾ ആസ്തികൾ ഇപ്പോൾ  ഒന്നൊന്നായി വിൽക്കുകയും  പണം സുന്നഹദോസിന്റെ മാത്രം നിയന്ത്രണത്തിലുള്ള ബി .ഷെഡ്യുൾ ആസ്തികളായി മാറ്റപ്പെട്ടു കൊണ്ടും
ഇരിക്കുന്നു .ഈ സ്ഥിതിക്ക് പുതിയ ട്രസ്റ്റിമാർ മൂക സാക്ഷികൾ ആവില്ല എന്ന് പ്രതീക്ഷിക്കാം .

വട്ടിപ്പണം ഇന്ന് മലങ്കര സഭയുടെ ഒരു നിഷ്ക്രിയ ആസ്തിയായി നിലകൊള്ളുന്നു .അതിന്റെ മൂലധനം ഇന്നത്തെ നില വച്ച് നോക്കുമ്പോൾ  തുലോം തുച്ഛം എങ്കിൽ തന്നെയും മലങ്കര സഭയുടെ പൗരാണിക ആസ്തിയുടെ മൂല്യം വിലമതിക്കാനാവാത്തതാണ് . ആയതിനാൽ തന്നെ അത് ഒരു സക്രിയ ആസ്തിയായി മാറ്റുവാൻ പുതിയ  ട്രസ്ടിമാർ ഉത്സാഹിക്കും എന്ന് പ്രതീക്ഷിക്കാം