Saturday, April 22, 2017

കുരിശും പിണറായിയും പിന്നെ കുടിയൊഴിപ്പിക്കലും

കേരളത്തിൽ കയ്യേറ്റക്കാർക്ക് ഒരു ആയുധം ലഭിച്ചിരിക്കുന്നു .കയ്യേറ്റ ഭൂമിയിൽ ഒരു കുരിശു നാട്ടിയാൽ  മതി .ആരും അതിന്റെ അഞ്ചായലത്ത്  വരില്ല .വരുന്നവൻ വിവരമറിയും
കയ്യേറ്റത്തിന്റെ ഒരു തിരക്കഥ ഇങ്ങിനെ .ആദ്യം ഒരു കുരിശു സ്ഥാപിക്കുക .കുറെ നാൾ അവിടെ മെഴുകുതിരി കത്തിക്കുക പ്രാർത്ഥിക്കുക .പിന്നെ സാവകാശം ഒരു ഷെഡ് കെട്ടുക .കാലക്രമത്തിൽ അത് ഒരു പള്ളിയാക്കുക .പിന്നെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ വളച്ചു കെട്ടുക .തികഞ്ഞ ആവർത്തന വിരസതയോടെ കേരളത്തിൽ അരങ്ങേറുന്ന ഒരു  പൊറാട്ടു നാടകമാണിത് .

പിണറായിക്കു കുരിശിനോട് പ്രത്യേകിച്ച് സ്നേഹമോ ഭീതിയോ വിദ്വെഷമോ ഇല്ല എന്ന് ഏവർക്കും അറിയാം.എന്നിട്ടും എന്തേ തന്റെ ഇരട്ടച്ചങ്കൻ എന്ന image നഷ്ടപ്പെടുത്തി കുരിശിന്റെ സംരക്ഷകനായി അവതരിച്ചു?പച്ച കള്ളം പൊതു വേദിയിൽ പറഞ്ഞ മെത്രാനെ നികൃഷ്ട ജീവി എന്ന് വിളിച്ച ചങ്കൂറ്റം എവിടെ പോയി?

ഈ വിഷയത്തിൽ മൗനം പാലിക്കയോ കുരിശു നീക്കം ചെയ്തതിനെ പിന്താങ്ങുകയോ ചെയ്തിരുന്നെങ്കിൽ കെ സി ബി സി യും മറ്റു വലതു രാഷ്ട്രീയ ആഭിമുഖ്യമുള്ള സഭകളും പിണറായി മന്ത്രി സഭയുടെ നെഞ്ചത്ത് ചുടല നൃത്തം ആടുമായിരുന്നില്ലേ?സാധ്യത വളരെയാണ് .ഒരു മുഖ്യധാരാ സഭയുടേതല്ല എന്ന കാരണത്താൽ ആദ്യം കയ്യേറ്റത്തെ അപലപിച്ച ചില മെത്രാന്മാർ കോഴി ഒരു പ്രാവശ്യം കൂവുന്നതിനു മുൻപേ പ്ലേറ്റ് മറിച്ചു വച്ചതു ഒരു സൂചനയാണ് .സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കുരിശടികളും പള്ളികളും മറ്റു മത സ്ഥാപനങ്ങളും ഉള്ളത് ഇടുക്കിയിൽ മാത്രമല്ല .കയ്യേറ്റത്തെ എതിർക്കുന്നു,കുരിശിനോടുള്ള അനാദരവിൽ വേദനിക്കുന്നു എന്ന് പറയുന്ന ബിഷപ്പന്മാർക്കു കത്തനാർ മാർക്കും ആർജ്ജവമുണ്ടെങ്കിൽ തങ്ങളുടെ സഭയിൽ ആരെങ്കിലും സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ അവ ആദരപൂർവം നീക്കം ചെയ്യും എന്ന് പ്രഖ്യാപിക്കാൻ തന്റേടം കാണിക്കുമോ?
പിണറായി ഭയപ്പെട്ടത് ഒരു രണ്ടാം വിമോചന സമരത്തെയാണ് .ക്രിസ്ത്യൻ വോട്ടുകളുടെ നഷ്ടത്തെയാണ് .രണ്ടും അസ്ഥാനത്താണ് .പിണറായി സ്വയം കുരിശിലേറിയാലും നല്ല പങ്കു ക്രിസ്ത്യാനികളും ഇടതു പക്ഷത്തിനു വോട്ടു ചെയ്യില്ല .ഇപ്പോൾ പിന്തുണക്കുന്ന ന്യുനപക്ഷം ക്രിസ്ത്യാനികൾ ഇത്തരം മത മൗലിക വാദത്തിൽ വീഴുകയുമില്ല .

ആരെങ്കിലും നെടുകെയും കുറുകെയും രണ്ടു മരക്കഷണമോ ലോഹക്കഷണമോ  പിണച്ചു വച്ചാൽ അത് കുരിശാവുകയില്ല .ക്രിസ്ത്യാനികൾ ഭക്തിപൂർവ്വം ആദരിക്കുന്ന കുരിശിനെ അവഹേളിക്കുന്നത് ദുഷ്ട ലാക്കോടെ അത്തരം രൂപങ്ങൾ ഉണ്ടാക്കുകയും അത് ആരാൻറെ ഭൂമി കയ്യേറുവാൻ ഉപയോഗിക്കുന്നവരാണ് .ഒരു ശരിയായ ക്രിസ്തവ വിശ്വാസിയും അത്തരം കയ്യേറ്റങ്ങൾക്ക്‌ മറയാക്കുന്ന കുരിശിന്റെ പേരിൽ വികാരം കൊള്ളുകയില്ല

പിൻകുറിപ്പു

ഓർക്കുന്നുണ്ടോ കേരളം മുൾമുനയിൽ മാസങ്ങളോളം നിന്ന നിലക്കൽ പ്രശ്നം?
അതിന്റെയും തുടക്കം ഒരു കുരിശിൽ നിന്നും ആയിരുന്നു .ശബരിമലക്ക് സമീപത്തുള്ള നിലക്കൽ എന്ന സ്ഥലത്തു  നിന്ന് ഒരു കോൺക്രീറ്റ് കുരിശു കണ്ടെത്തിയതിൽ നിന്നായിരുന്നു തുടക്കം അൽപ്പം കായബലവും കുറെ രാഷ്ട്രീയ സ്വാധിനവും ആവശ്യത്തിന് സാമ്പത്തികവും ഉള്ള ഒരു നേതാവിന്റെ നേതൃത്വത്തിൽ അവിടെ കുരിശു സ്ഥാപിക്കുവാൻ ശ്രമം തുടങ്ങി .ആ പ്രദേശം അയ്യപ്പൻറെ പൂങ്കാവനം ആണെന്നും അവിടെ കുരിശു സ്ഥാപിക്കാനാവില്ലനിന്നും വാദിച്ചു സംഘ പരിവാറും മറ്റും .കുമ്മനം രാജശേഖരൻ പ്രശസ്തനായത് ഈ സമരത്തിലൂടെയാണ് .FCI ലെ ജോലി രാജിവച്ചു പൂര്ണസമായ പൊതുപ്രവർത്തകൻ എന്ന നിലയിലേക്ക് അദ്ദേഹം കളം മാറിയതും ഈ സമരത്തോടെ .കേരളം ഒരു വർഗ്ഗീയ കലാപത്തിന്റെ മുൾമുനയിൽ നിന്നതു മാസങ്ങളോളം ആയിരുന്നു